ഓർമ്മകൾ · ലേഖകൻ എഴുതിയത്
ഭയത്തെ അതിജീവിച്ച വിശ്വാസം
സഹോദരപുത്രൻ
അച്ഛൻ വികാരിയായി സേവിച്ചിരുന്ന ഒരു ഇടവകയിൽ നടന്ന ചില സംഭവങ്ങളാണ് ഇവിടെ ഓർക്കുന്നത്. ബന്ധപ്പെട്ട വ്യക്തികളുടെയും ഇടവകയുടെയും സ്വകാര്യത മാനിച്ച് അവരുടെ പേരുകളും സ്ഥലത്തിന്റെ വിശദാംശങ്ങളും ഞാൻ മനഃപൂർവം ഒഴിവാക്കുകയാണ്.
അച്ഛൻ അവിടെ ചുമതലയേറ്റെടുക്കുന്നതിന് മുമ്പുതന്നെ ആ ഇടവകയിൽ പലവിധ പ്രശ്നങ്ങളും നിലനിന്നിരുന്നു. മുമ്പ് അവിടെ സേവിച്ചിരുന്ന വൈദികർക്കുപോലും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അച്ഛനിൽനിന്ന് ഞാൻ കേട്ടിട്ടുണ്ട്.
ചുമതലയേറ്റ ഉടൻതന്നെ അച്ഛൻ ചില കാര്യങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിച്ചു. പള്ളിമുറിയോട് ചേർന്നുകിടന്നിരുന്ന ഒരു വഴിയുടെ ഉപയോഗം നിയന്ത്രിക്കുകയും, ആളുകൾ അതിർത്തിയോടു ചേർന്നുള്ള നിശ്ചിത വഴിയിലൂടെ മാത്രം സഞ്ചരിക്കണമെന്നു കർശനമായി നിർദ്ദേശിക്കുകയും ചെയ്തു. ഇതു ചിലർക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെ തുടക്കത്തിൽത്തന്നെ ഒരു ചെറിയ വിഭാഗത്തിന്റെ എതിർപ്പ് അദ്ദേഹത്തിന് നേരിടേണ്ടിവന്നു.
അതോടൊപ്പം, ചില വീടുകളിൽ സൂക്ഷിച്ചിരുന്ന ‘തകിടുകൾ’, വിവിധ തരത്തിലുള്ള ‘സേവകൾ’ എന്നിവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ആ പ്രദേശത്തുണ്ടായിരുന്നു. അച്ഛൻ അവയെ ഭയത്തോടെയല്ല സമീപിച്ചത്. ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തോടും പ്രാർത്ഥനയോടുമായിരുന്നു അദ്ദേഹത്തിന്റെ സമീപനം.
ഒരു ഞായറാഴ്ച, ഇത്തരം വസ്തുക്കൾ വീടുകളിൽ സൂക്ഷിച്ചിരുന്നവർ അവ പള്ളിയിൽ കൊണ്ടുവന്ന് ഏൽപ്പിക്കണമെന്ന് അച്ഛൻ ആവശ്യപ്പെട്ടു. പലരും സഹകരിച്ചു. അങ്ങനെ കൊണ്ടുവന്ന വസ്തുക്കൾ ഏകദേശം ഒരു ചെറിയ ചൂരക്കൊട്ട നിറയുന്നത്രയുണ്ടായിരുന്നു.
തുടർന്ന് വന്ന വെള്ളിയാഴ്ച അച്ഛൻ അവയെല്ലാം വെഞ്ചരിച്ച് പ്രാർത്ഥിക്കുകയും പിന്നീട് നശിപ്പിക്കുകയും ചെയ്തു. അന്ന് അദ്ദേഹം ഒരു പ്രത്യേക നിയോഗവും പ്രാർത്ഥനയിൽ പറഞ്ഞിരുന്നതായി പിന്നീട് ഞങ്ങളോട് പങ്കുവെച്ചിട്ടുണ്ട് — സഹകരിക്കാതെ മാറിനിൽക്കുന്നവർക്ക് കാര്യത്തിന്റെ ഗൗരവം തിരിച്ചറിയാൻ ഒരു അടയാളം ലഭിക്കണമെന്നായിരുന്നു ആ പ്രാർത്ഥന.
പിന്നീട് ചില വീടുകളിൽ അസാധാരണമായ അനുഭവങ്ങളുണ്ടായതായി ആളുകൾ അച്ഛനോട് വന്ന് പറഞ്ഞു. ഒരാൾ പശുവിനെ കറക്കുമ്പോൾ പാലിനു പകരം രക്തംപോലെ കാണുന്നതായി പറഞ്ഞു. മറ്റൊരിടത്ത് റബർ മരം വെട്ടിയപ്പോൾ അതുപോലൊരു അസാധാരണത അനുഭവപ്പെട്ടതായും അറിയിച്ചു.
അവർ ഭയപ്പെട്ട് അച്ഛന്റെ അടുത്തെത്തിയപ്പോൾ അദ്ദേഹം അവരെ കൂടുതൽ ഭയപ്പെടുത്തുകയല്ല ചെയ്തത്. വീടുകളിൽ ഇനിയും അത്തരത്തിലുള്ള വസ്തുക്കൾ ഉണ്ടെങ്കിൽ കൊണ്ടുവന്ന് ഏൽപ്പിക്കാൻ പറഞ്ഞു. തുടർന്ന് വെള്ളം വെഞ്ചരിച്ച് നൽകി. അത് വീട്ടിലും പശുവിനും ഉപയോഗിക്കാൻ ഒരാൾക്കു നിർദ്ദേശിച്ചു; മറ്റൊരാൾക്ക് റബർ തോട്ടത്തിൽ തളിക്കാനും പറഞ്ഞു. പിന്നീട് ആ കുടുംബങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾ അവസാനിച്ചതായി അച്ഛനോട് അറിയിച്ചതായി അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്.
ഈ സംഭവങ്ങൾക്കുശേഷം രാത്രിസമയങ്ങളിൽ അച്ഛൻ താമസിച്ചിരുന്ന പള്ളിമുറിയുടെ സമീപത്ത് ചില അസ്വാഭാവിക ശബ്ദങ്ങൾ കേൾക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം പങ്കുവെച്ചിരുന്നു.
അന്നത്തെ കാലത്ത് മൂവാറ്റുപുഴ ഭാഗത്ത് ‘വൈദ്യർ’ എന്നറിയപ്പെട്ടിരുന്ന ഒരാളെ അച്ഛന് പരിചയമുണ്ടായിരുന്നു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല; കുടുംബം പിന്നീട് മലബാർ ഭാഗത്തായിരുന്നു താമസം. വിശുദ്ധ ഗീവർഗീസിന്റെ മധ്യസ്ഥതയിൽ പ്രത്യേകമായി പ്രാർത്ഥിക്കുകയും ‘മഷി നോക്കൽ’ എന്ന രീതിയിലൂടെ ചില കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
അച്ഛൻ പള്ളിമുറിയിൽ ഉണ്ടായ അനുഭവത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞപ്പോൾ, വൈദ്യർ തന്റെ രീതിയിൽ അത് പരിശോധിച്ചുവെന്നാണ് അച്ഛൻ എന്നോട് പറഞ്ഞത്. വൈദ്യർ പറഞ്ഞതനുസരിച്ച്, പള്ളിമുറിയുടെ വാതിലിനരികിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അത്യന്തം പ്രകാശമുള്ള ഒരു രൂപം പ്രത്യക്ഷപ്പെട്ടതായും അതോടെ അവിടെ ഉണ്ടായിരുന്ന ദുഷ്ടസാന്നിധ്യം മാറിപ്പോയതായുമാണ് അദ്ദേഹം അനുഭവിച്ചതെന്ന് പറഞ്ഞത്രേ.
ഈ കാര്യം ഞാൻ ഇവിടെ രേഖപ്പെടുത്തുന്നത് അതിനെക്കുറിച്ചുള്ള ഏതെങ്കിലും ശാസ്ത്രീയ വിധി പറയാനല്ല. അച്ഛന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും ശക്തമായ ഒരു സവിശേഷത വ്യക്തമാക്കാനാണ് — ഭയത്തേക്കാൾ വലിയ ദൈവവിശ്വാസം.
അച്ഛൻ പ്രാർത്ഥിക്കുമ്പോൾ അത് ഒരു ഔപചാരിക പ്രവൃത്തി മാത്രമായിരുന്നില്ല. ദൈവം കേൾക്കുന്നു എന്ന ഉറച്ച ബോധ്യവും, യേശുവിലുള്ള പൂർണമായ ആശ്രയവും, ജീവിതവിശുദ്ധിയോടുള്ള പ്രതിബദ്ധതയും അതിലുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ടു ഞാൻ നേരിട്ട് സാക്ഷിയായ മറ്റൊരു സംഭവം മുതലക്കോടത്ത് വച്ചാണ് നടന്നത്.
ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ ഉടമ എന്റെ സുഹൃത്തായിരുന്നു. ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു: “അച്ഛനോട് ഒരു സഹായം ചോദിക്കാമോ?”
എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, മുമ്പ് ആ വീട്ടിൽ താമസിച്ചിരുന്ന ആരോ അടുക്കളയിലേക്കുള്ള പടിയിൽ ഒരു തകിട് തറച്ചുവെച്ചിട്ടുണ്ടെന്നും അത് എടുത്തുമാറ്റാൻ പലരോടും പറഞ്ഞിട്ടും ഭയന്ന് ആരും തയ്യാറാകുന്നില്ലെന്നും.
ഞാൻ ഉടൻ അച്ഛനെ വിളിച്ച് അത് കാണിച്ചുകൊടുത്തു.
അച്ഛൻ വളരെ ശാന്തമായി പറഞ്ഞു: “അത് ഇപ്പോൾ അവിടെ ഇരിക്കട്ടെ. നാളെ കുർബാന കഴിഞ്ഞിട്ട് നമുക്ക് ശരിയാക്കാം.”
പിറ്റേന്ന് വിശുദ്ധ കുർബാന അർപ്പിച്ചശേഷം അച്ഛൻ അവിടെ വന്നു. യാതൊരു ഭയവുമില്ലാതെ അദ്ദേഹം ആ തകിട് സ്വയം എടുത്തുമാറ്റി.
അത് അദ്ദേഹത്തിന്റെ കയ്യിൽ കണ്ടപ്പോൾ ഞാൻ കൈ നീട്ടി വാങ്ങാൻ ശ്രമിച്ചു. ഉടൻ അച്ഛൻ എന്നോട് പറഞ്ഞു: “മോനേ, അത് തൊടണ്ട.”
അദ്ദേഹം അത് എനിക്ക് തന്നില്ല. സ്വയം കൈയിൽ പിടിച്ചു. ഞാൻ കാർ എടുത്തു. തുടർന്ന് ഒഴുക്കുള്ള വെള്ളമുള്ള സ്ഥലത്തെത്തി ആ വസ്തു അവിടെ ഉപേക്ഷിച്ച് നശിപ്പിച്ചു. ഏറെക്കാലമായി അതിനെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന വീട്ടുടമയ്ക്ക് അതോടെ വലിയ ആശ്വാസമായി.
ഇത്തരം സംഭവങ്ങളെക്കുറിച്ച് അച്ഛൻ എന്നോട് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കലും അതിനെ സ്വന്തം കഴിവായോ അസാധാരണമായ ശക്തിയായോ അദ്ദേഹം അവതരിപ്പിച്ചിട്ടില്ല.
അദ്ദേഹത്തിന്റെ ശക്തി മറ്റൊന്നായിരുന്നു — ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം.
ദൈവത്തോടുള്ള നിർമലമായ ബന്ധവും നിരന്തരമായ പ്രാർത്ഥനയും ഉള്ളപ്പോൾ ഭയത്തെ നേരിടാൻ കഴിയുമെന്ന് അദ്ദേഹത്തിന്റെ ജീവിതം എന്നെ പഠിപ്പിച്ചു. അച്ഛൻ ഇത്തരം സാഹചര്യങ്ങളിൽ നിന്നത് സ്വന്തം ധൈര്യത്തിന്റെ ബലത്തിലല്ല; യേശുവിലുള്ള പൂർണമായ ആശ്രയത്തിലായിരുന്നു.
അതുകൊണ്ടുതന്നെ അച്ഛന്റെ ജീവിതത്തെ ഓർക്കുമ്പോൾ എനിക്ക് വീണ്ടും വീണ്ടും തോന്നുന്ന ഒരു കാര്യമുണ്ട്:
അദ്ദേഹം ഭയത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. അദ്ദേഹം ദൈവത്തെക്കുറിച്ചാണ് സംസാരിച്ചിരുന്നത്.
ദൈവത്തിൽ പൂർണമായി ആശ്രയിക്കുന്ന ഒരാളുടെ ഹൃദയത്തിൽ ഭയത്തിന് വലിയ സ്ഥലം ഉണ്ടായിരുന്നില്ല.